_പത്തനംതിട്ടയിൽ കെ ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി സമിതി രൂപീകരിച്ചു കോൺഗ്രസ്.
ഹൈലൈറ്റ്:
കെ ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി സമിതി രൂപീകരിച്ചു.
മണ്ഡലം കൺവൻഷനിൽനിന്നു വിട്ടുനിന്നതിനിടെയാണ് കെപിസിസിയുടെ ഇടപെടൽ.
എംഎം ഹസനാണ് നിയമനം നടത്തിയിരിക്കുന്നത്.
പത്തനംതിട്ട: യുഡിഎഫ് പത്തനംതിട്ട ലോക്സഭാ മണ്ഡലം കൺവൻഷനിൽനിന്നു വിട്ടുനിന്ന കെ ശിവദാസൻ നായരെ ചീഫ് കോർഡിനേറ്ററാക്കി സമിതി രൂപീകരിച്ചു. ജില്ലയിൽ മുതിർന്ന എ വിഭാഗം നേതാക്കളെ ഒഴിവാക്കിയാണ് നിലവിലെ ഡിസിസി നേതൃത്വം പ്രവർത്തിക്കുന്നതെന്ന വിമർശനത്തിനിടെയാണ് മുതിർന്ന എ വിഭാഗം നേതാവും മുൻ എംഎൽഎയുമായ കെ ശിവദാസൻ നായർ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിൽനിന്നു വിട്ടുനിന്നത്. ഇതിൽ ഉടൻതന്നെ സംസ്ഥാന നേതൃത്വം ഇടപെട്ടതോടെയാണ് പുതിയ പദവി നൽകിയത്.കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവിന് മണ്ഡലത്തിന്റെ ചുമതല നൽകിയപ്പോൾ ജെയ്‌സൺ ജോസഫ് കോർഡിനേറ്ററും റോബിൻ പീറ്റർ സെക്രട്ടറിയുമാണ്. കെപിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള എംഎം ഹസൻ ആണ് നിയമനം നടത്തിയിരിക്കുന്നത്.എംജി കണ്ണൻ (അടൂർ), അനീഷ് വരിക്കണ്ണാമല (ആറന്മുള), റിങ്കു ചെറിയാൻ (റാന്നി), എൻ ശൈലാജ് (കോന്നി), റെജി തോമസ് (തിരുവല്ല ) എന്നിവർക്ക് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്. ഇതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ഉണ്ടായ കല്ലുകടി തത്ക്കാലം ഒഴിവായിട്ടുണ്ട്.
Shivdasan Nair as Chief Co ordinator in Pathanamthitta